Nov 2, 2013

Ineligibility Criteria for Applying to Join the Moral Police (Mallu Version)

നാട്ടിലെ സദാചാര പോലീസുകാർ അറിയാൻ വേണ്ടി ഒരു ഇന്ത്യൻ ചെറുപ്പക്കാരൻ ആത്മരോഷത്തോടെ എഴുതുന്നത്‌..

ആരൊക്കെ ഈ പണിക്ക് ഇറങ്ങരുത്......

1. തല്ലു തിരികെ കിട്ടില്ല എന്ന ഉറച്ച വിശ്വാസത്തിനാൽ മാത്രം തല്ലി പഠിപ്പിക്കുവാൻ മുതിരുന്നവർ.

2. പ്രായത്തിന്റെ വില പെരുമാറ്റത്തിലും കാഴ്ചപ്പാടിലും അല്ല സ്വന്തം ജന്മവർഷത്തിനു ശേഷം ഭൂജാതരായവരെ എങ്ങിനെ എപ്പോൾ അടിക്കാം എന്നതിലാണ് കാണിക്കേണ്ടത് എന്നു കരുതുന്നവർ.

3. കൂടെയുള്ള ചങ്ങാതിമാരുടെയും പിന്തുണക്കാരുടെയും ശരീര ബലവും തന്റേടവും അനുസരിച്ച് സ്വന്തം ഉദ്ദേശവും അതിനു പുറകിലുള്ള പൊരുളും മാറ്റിക്കുറിക്കുന്നവർ.

4. ജന്മന ഉള്ള ശാരീരികവും മാനസികവും ആയ ബലത്തെയും കഴിവിനേയും അതില്ലാത്തവന്റെ നെഞ്ചത്ത് കേറി അഭ്യാസം കാട്ടാൻ ബ്രഹ്മൻ ഇഷ്യൂ ചെയ്ത ലൈസൻസ് ആയി കാണുന്നവർ.

5. നിഷ്കളങ്കവും ബാലിശവും ആയ കൊച്ചു കൗമാര പ്രണയങ്ങളെ മുളയിലേ നുള്ളി തല്ലി കെടുത്തിയിട്ട്‌ വൈകീട്ടു സന്ധ്യാദീപം കൊളുത്തി 'രാധേകൃഷ്ണ' ഭജൻ പാടി ഈശ്വരനിൽ അഭയം തേടുന്നവർ.

6. രാമായണവും മഹാഭാരതവും എഴുതിയത് വാൽമികിയും വേദവ്യാസനും അല്ല രാമാനന്ദ് സാഗറും ബി.ആർ.ചോപ്രയും ആണെന്നു തെറ്റിദ്ധരിക്കുന്നവർ.

7. ചെറുപ്പത്തിലും യൌവ്വനത്തിലും ഉള്ള തെമ്മാടിത്തരം മുഴുവനും കാണിച്ചു കൂട്ടിയുട്ട് ഒരു പ്രായം കഴിയുമ്പോൾ സ്വയം ഒരു കാരണവരായി മുദ്ര കുത്തി കുറിയും തൊട്ടു മുണ്ടും മടക്കി കുത്തി ഭാരത സംസ്കാരത്തിന്റെ നന്മക്കായി നാട്ടുകാരെ പറഞ്ഞും വേണമെങ്കിൽ ഒന്നു പൊട്ടിച്ചും നന്നാക്കാൻ തുനിഞ്ഞിറങ്ങുന്നവർ.

8. ഗീതോപദേശവും വേദവാക്യങ്ങളും ടീവിയിൽ കണ്ടിട്ടു പിന്നീടു അതു പശ്ചാത്തല സംഗീതത്തോടെ ഓർമ്മിച്ചു ഭഗവാൻ സ്ലോ മോഷനിൽ വരുന്നതു മനസ്സിൽ  കണ്ടു ആത്മ നിർവൃതി കൊള്ളുന്നവർ.

9. പുരാണത്തിൽ ദ്രൗപദീ വസ്ത്രാക്ഷേപകഥ വായിച്ചറിഞ്ഞപ്പോൾ കൗരവ സഭയിൽ നിസ്സഹായരായിരിക്കേണ്ടിവന്ന മഹാരധികളെ തഴഞ്ഞു ശ്രീകൃഷ്ണ ലീലയ്ക്കു നേരെ കണ്ണടച്ചു ജീവിതോദാഹരണമായി എടുത്തു പാത പിന്തുടരാൻ പോന്ന കേമൻ ദുശ്ശാസനൻ തന്നെ എന്ന് തീരുമാനിച്ചവർ.

10. ഭാരതസംസ്കാരം ജീവിതം മുഴുക്കെ പഠിച്ചാലും അനുഭവിച്ചറിയാൻ ശ്രമിച്ചാലും തീരാതെ അങ്ങിനെ പല മതങ്ങളും ഭാഷകളും സാഹിത്യ കൃതികളും കലാരൂപങ്ങളും ആയി നിറഞ്ഞു കവിഞ്ഞൊഴുകുമ്പോൾ അതിൽ മുങ്ങി തപ്പി തനിക്കാവിശ്യമുള്ളതു മാത്രം ചൂണ്ടയിട്ടു പിടിച്ചു പിന്നീടു  താൻ പൈതൃകമുള്ള ഭാരതീയൻ എന്ന് ലോകത്തിനു മുന്നിൽ സ്വയം വിശേഷിപ്പിക്കുന്നവർ.

ധർമത്തിനു വേണ്ടി മാത്രം ശസ്ത്രം എടുക്കേണ്ടവർ അതു ജന്മാവകാശമായി കണ്ടു അഹങ്കരിച്ചു സംരക്ഷിക്കണ്ടവരെ ദ്രോഹിച്ചു തുടങ്ങിയപ്പോൾ ആയുധം കയ്യിലെടുത്തു ഈശ്വരകോപത്തിൻറെ രൌദ്രവും സംഹാരതാണ്ടവവും എന്തെന്നു അറിയുച്ചു കൊടുത്ത വൈഷ്ണവാവതാരം പരശുരാമന്റെ പേരിൽ അറിയപ്പെടുന്ന മണ്ണിൽ ജീവിക്കുന്നവർ എങ്കിലും ഇതെല്ലാം ഓർക്കേണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു..

എന്നു സസ്നേഹം ,
ഒരു സാദാ മലയാളി 

No comments:

Post a Comment